അറബി കഥ പോലെ സുന്ദരമായിരുന്നു ആ ദിവസം
നീയും, ഞാനും, പിന്നെ മധ്യവേനലിലെ ആ വെയിലും
ആ സിമന്റ് ബെഞ്ചില്‍ നീ കളര്‍ പെന്‍സിലുകള്‍ നിരത്തിയപ്പോള്‍,
എന്‍റെ വിയര്‍പ്പും നിറങ്ങളും ഒന്ന് ചേരുന്നത് ഞാന്‍ നിനച്ചില്ല
എന്തൊക്കെയോ ഞാന്‍ വരച്ചു വെച്ചു,
നീളന്‍ വരകളും കുറുകിയ നിറങ്ങളും, ഒരു ചേര്‍ച്ചയില്ല,
ശരി തന്നെ, പൊതുവേ ഞാന്‍ അങ്ങനെയാണ്
കാര്യത്തോട് അടുക്കുമ്പോള്‍ എന്തോ വലിയ അകല്‍ച്ച
അരനാഴിക നേരം പോലും, നിന്‍റെ കണ്ണുകള്‍ ചിമ്മിയില്ല
ഞങ്ങള്‍ക്ക് ചുറ്റും വലിയ മരങ്ങളുണ്ടായിരുന്നു
മിക്കതിനും കുഞ്ഞുകുഞ്ഞു ഇലകള്‍ മാത്രം
എന്തുകൊണ്ടോ അന്നവിടെ മുഴുവന്‍ കുട്ടികളായിരുന്നു
പക്ഷെ ഞാന്‍ അവരെ ശ്രദ്ധിച്ചതെ ഇല്ല
ഇലകള്‍ മന്ത്രിച്ചതോന്നും കാര്യമാക്കിയില്ല
പാതയോരങ്ങള്‍ മറയുന്നത് പക്ഷെ കണ്ണില്‍ പെട്ടു
ഇത് പല യാത്രകളുടെ സംക്ഷിപ്തമാണ്
ഒടുവില്‍ വീണു കിടക്കുന്ന വന്മരങ്ങളുടെ ഇടയില്‍
അന്ന് നമ്മള്‍ ഒപ്പിയെടുത്ത കായലിന്‍റെ ഗമനം
ഇന്നും നീ ഓര്‍ക്കുന്നുണ്ടാവം, വെള്ളിവെളിച്ചമുള്ള ഓളങ്ങള്‍
ആ ചിത്രങ്ങള്‍, ഒരു പക്ഷെ, നീ കരിച്ചു കളഞ്ഞിട്ടുണ്ടാവം
നീയും ഞാനും ഇല്ലാത്ത കാലങ്ങള്‍ക്കുള്ള മാപ്പുസാക്ഷികള്‍
അറബി കഥപോലെയായിരുന്നു ആ ദിവസങ്ങള്‍
ഏതോ ഇടവേളകള്‍ക്കായി പൊലിപ്പിച്ച പൊയ്മുഖങ്ങള്‍ പോലെ ...
- ഗോകുല്‍
No comments:
Post a Comment