ഉണരുമ്പോൾ ആദ്യമായി കാണുന്ന മുഖം അത് എപ്പോഴും പ്രധാനമാണ്. അത് നായക്കും മനുഷ്യനും ഒരു പോലെ തന്നെ. ഒരു തെരുവ് നായയുടെ രൗദ്രമായ മുഖമാണ് ഇപ്പോൾ കാണുന്നത്. മുന്നിൽ ഒരു മനുഷ്യൻ. അവിടെ സംശയത്തിന്റെ നിഴലുകളില്ല. അവിടെ അയാളുടെ മനസിന്റെ പല താളങ്ങൾ തുടിച്ചു തുടങ്ങി. അയാളെ തുറിച്ചു നോക്കുന്ന കുറെ നിമിഷങ്ങൾ. അയാളുടെ ശ്വാസം അളക്കുന്ന കുറെ വിനാഴികകൾ. അവന്റെ ഉറക്കം അലോസരപ്പെടുത്തിയ അയാളുടെ യാത്ര ദുഷ്കരമായിരുന്നു. അവർ കൂടെ ഉള്ള മനുഷ്യരെയും മൃഗങ്ങളെയും ശ്രദ്ധിച്ചില്ല. മുഖാമുഖം നിൽക്കുന്ന രണ്ടു ഉന്മാദികൾ. അവരുടെ ഇടയിൽ ഊഷ്മാവ് ഉയർന്നു താണുകൊണ്ടേയിരുന്നു. സമയത്തിന്റെ വിമുഖതയിൽ ആ മുഖങ്ങൾ പരസ്പരം മറന്നു. ഒരാളുടെ നിദ്ര മറ്റൊരാളുടെ മുദ്രയാകാം. അതുപോലെ ഒരാളുടെ മുദ്ര മറ്റൊരാളുടെ നിദ്രയാകാം. ഇവിടെ ഇരുവരും അർഥങ്ങൾ അറിയാതെ അനർത്ഥങ്ങളിൽ അകന്നുപോയി.
Monday, August 5, 2024
Saturday, January 27, 2024
ചെറു കഥ : അഗ്നിപുഷ്പങ്ങളുടെ ദ്വീപ്
കണ്ണുനീർ ചാലുകളിൽ നിന്നും അരുവികളുണ്ടാവാം, പക്ഷെ ഇവിടെ ഉണ്ടായതു അഗ്നിപുഷ്പങ്ങളുടെ ഒരു ദ്വീപാണ്. അവിടെ കണ്ണീർ ഒഴുകിയത് ഒരു ഗുഹാ മുഖത്തേക്കായിരുന്നു. അനന്തരം അവിടെ താഴുന്ന ഒരു ശിഥിലമായ ദ്വീപ്. അവിടുത്തെ തീരങ്ങളിൽ നെരിപ്പോടുകൾ പുകഞ്ഞു കൊണ്ടേയിരുന്നു. അവിടുത്തെ പക്ഷികളുടെ ചിറകുകളും ധൂമ സമ്മിശ്രങ്ങൾ ആയിരുന്നു. അവർ പൂമ്പാറ്റകളെ പോലെ പരാഗണം ചെയ്തു കൊണ്ടിരുന്നു. അവരുടെ ദേശാടനങ്ങൾ ധൂമ രഥങ്ങൾ ആയിരുന്നു. അവിടെ വീണ്ടും കണ്ണീർ വാതകങ്ങൾ വലയങ്ങൾ തീർത്തു. അവിടുത്തെ അശാന്തി അവരുടെ വിഷയം ആയിരുന്നില്ല. കാഴ്ചയുടെ സീമകൾ മാത്രമായിരുന്നു അവിടുത്തെ പ്രഹേളിക.
Sunday, January 7, 2024
ചെറു കഥ : ഉള്ളടക്കം
ആ വിദ്യാലയം നിറയെ മരങ്ങളായിരുന്നു. ഇലകളുടെ നിറഭേദങ്ങൾ ആ മുറ്റത്തിന് ഒത്തിരി ഭംഗി നൽകി. അവിടെ അവർ എല്ലാ ഇടവേളകളിലും ഒത്തുകൂടി. അവിടുത്തെ കൊച്ചു ആൽ മരത്തിന്റെ പുറത്തേക്കു തള്ളി നിൽക്കുന്ന വേരായിരുന്നു അവരുടെ സങ്കേതം. അവൻ അവരോടു അവൻ കണ്ട സിനിമകളുടെ കഥകൾ പറഞ്ഞു. പായുന്ന വണ്ടികളും, പുകയുന്ന പാതകളും അനേകം നായകന്മാരും ഉള്ള കഥകൾ. പ്രതി നായകന്മാരില്ലാത്ത കഥകൾ. ആ കഥകൾ അവനു ആവേശമായിരുന്നു. അവൻ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. അവന്റെ കഥ പറച്ചിൽ പാതയോരങ്ങളിലേക്കും വഴിയിലെ അമ്പല മുറ്റത്തേക്കും നീണ്ടു. അവന്റെ വീടെത്തും വരെ. അവന്റെ കഥയിൽ ചോദ്യങ്ങളും ഉപചോദ്യങ്ങളും ആയി അവന്റെ കൂട്ടുകാർ വന്നു. അവർക്കറിയാമായിരുന്നു അവൻ പറയുന്ന കഥകളുള്ള സിനിമകൾ ഇല്ലെന്നു. എങ്കിലും അവർ അത് പറഞ്ഞില്ല. പ്രിയപ്പെട്ട കൂട്ടുകാരന്റെ കഥകളിലെ കള്ളം അവർ ഉൾക്കൊണ്ടു. അവൻ വാചാലം ആയപ്പോൾ അവർ നിശബ്ദരായി. അവരുടെ നിശബദതയുടെ നെടുവീർപ്പുകൾ അവന്റെ കഥകളിൽ നിഴലിച്ചു. അവന്റെ വീട്ടിൽ പുതിയ കഥകൾ ജനിച്ചു കൊണ്ടേയിരുന്നു. വേരുകളില്ലാത്ത ഓർമകളും നേരുകളിലാത്ത കഥകളുമായി അവൻ കൂട്ടുകാർക്കായി കാത്തു നിന്നു. വിജനമായ വേരുകളും വീഥികളും അവന്റെ മൂകതക്ക് പുതിയ അർഥങ്ങൾ നൽകി.
Friday, December 29, 2023
ചെറു കഥ : അനന്തരം സമാന്തരം
അവരുടെ ഹൃദയങ്ങൾ ആ പാളങ്ങളെ പോലെ സമാന്തരമായി മഥിക്കുകയായിരുന്നു. ആ യാത്രയുടെ നീളവും വീതിയും ആഴവും അന്നവർക്കറിയില്ലായിരുന്നു. അവരിരുവരും അറിയാതെ അകലങ്ങളിൽ നാനാർഥങ്ങളും അടുപ്പങ്ങളിൽ അനർത്ഥങ്ങളും വന്നു ഭവിച്ചു. ഇരുളിന്റെ അറിവും തെളിവിന്റെ നിറവും അവരറിയുന്നില്ലായിരുന്നു. ആ യാത്രയിൽ അവർ അനേകം പാട്ടുകൾ കേട്ടു. കാഴ്ചകൾ കണ്ടു. കുറെ കണ്ണുകൾ അവരെ കണ്ടു. അവരുടെ ദൃശ്യ താളം പകർന്നെടുത്തു. അവരിരുവരും ഏറെ സാദൃശ്യങ്ങൾ ഉള്ളവരായിരുന്നു. എന്നിരുന്നാലും അവർ അവരുടെ വൈവിധ്യങ്ങളെ കുറിച്ചും അനന്യതകളെ കുറിച്ചും ചിന്തിച്ചു. ജീവിതം എങ്ങനെ പങ്കു വെക്കണം എന്നത് അവരുടെ കണ്ണുകളിൽ വന്നില്ല. പുതിയതറിയാൻ തീരുമാനിച്ചുറച്ച രണ്ടു ദേശാടന പക്ഷികൾ. മുന്നോട്ടും പിന്നോട്ടും കാണാൻ കഴിയാതെ ചിറകടിച്ചു ഉയരങ്ങൾ തേടിയ രണ്ടു പക്ഷികൾ.
Thursday, December 28, 2023
ചെറു കഥ : ചന്ദ്ര ബിംബം
ഇത് ചന്ദ്രനെന്ന ആകാശ ബിംബത്തിന്റെ കഥയാണ്. ഭൂമിയും സൂര്യനും സാക്ഷിയായ ഒരു മായ ജാലത്തിന്റെ കഥ. ചന്ദ്രൻ ബിംബങ്ങളുടെ ഒരു മായാജാലം ആണ്. സ്വയം സൃഷ്ടിച്ച നിഴലുകളുടെ മിഥ്യയിൽ മഥിക്കുന്ന ഒരു ഗോളം. അഗ്നിയും ആഴിയും ഇല്ലാത്ത ഒരു ശൂന്യ കാലത്തിന്റെ മൂകസാക്ഷി. ഒരു വിചിത്രമായ രാത്രിയിൽ ചന്ദ്രന്റെ നൂറായിരം ബിംബങ്ങളിൽ ഒന്ന് ഭൂമിയിൽ എത്തിച്ചേരുന്നു. ഒരു രാത്രിയിൽആയിരങ്ങളിൽ ഒരു ചന്ദ്ര ബിംബം ഭൂമിയിൽ കാവൽ നിന്നു. ആ രാത്രിയിൽ ഒരു കുടുംബം കടൽ തീരത്തു പോയി. അവർക്കു ആ യാത്ര വെറും നേരം പോക്കായിരുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളും പിന്നെ ഒരു ഉന്മാദിയായ അതിഥിയും . ആഅതിഥിയുടെ മനസ് തകർന്നടിഞ്ഞ ഒരു ചതുരംഗ കളം പോലെ അതി സങ്കീർണം ആയിരുന്നു. കടലിന്റെ കാലുഷ്യവും കരയുടെ വിജനതയും ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഒന്നും അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു അവസ്ഥ. ചന്ദ്ര ബിംബവും ഇതേ അവസ്ഥയിലായിരുന്നു. ഭൂമിയുടെ ഓരോ സ്പന്ദനവും ആ ബിംബത്തിനു അന്യമായി തോന്നി. ചന്ദ്ര ബിംബം വെറുതെ സ്പന്ദിച്ചു കൊണ്ടേയിരുന്നു. ഒരു ഉന്മാദിയായ ഘടികാരം പോലെ. ശൂന്യതയിൽ നിന്നും അപരതകളിലേക്കുള്ള ഒരു അപരാഹ്നത്തിന്റെ പ്രയാണം. കാറ്റും കോളും അനസ്യൂതമായ ഒരു പ്രയാണം. അവർ തമ്മിലെ ബന്ധം നാഴികയും നിഴലും പോലെ ആയിരുന്നു. അവർ തമ്മിൽ അളന്നു കൊണ്ടേയിരുന്നു. പരസ്പരം കാവൽ നിക്കുന്നത് പോലെ. ആ രാത്രി മുഴുവനും അവരുടെ തരംഗങ്ങൾ ആ തീരത്തിനെ ഭ്രമിപ്പിച്ചികൊണ്ടേയിരുന്നു. ആ കുടുംബവും സാഗരവും പുതിയ ഒരു ഭാഷക്ക് സാക്ഷിയായി.