Saturday, December 30, 2023

ചെറു കഥ : പമ്പരവും ഘടികാരവും

അതൊരു ഞായറാഴ്ചയാണ്. അവൻ ആ ദേവാലയത്തിൽ എത്തിയിട്ട് അധികം നീരമായില്ല. അവൻ മുത്തശ്ശിയുടെ കൂടെ അവിടെ ചെന്നതാണ്. മുത്തശ്ശി അവിടുത്തെ ആൾകൂട്ടത്തിൽ അഭയം പ്രാപിച്ചു. അവൻ അവിടെ ഉള്ള ആൾകൂട്ടത്തിൽ തികച്ചും ഏകനായി. അന്നവിടെ കൂടിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. അവിടെ വാത്സല്യമുള്ള ഒരു മുഖവും ഒരു പുഞ്ചിരിയും അവൻ കണ്ടില്ല. എല്ലാവരും പുകയുന്ന കുതിരിക്കത്തിന്റെ ഗന്ധത്തിൽ, ഭക്തി ഗാനത്തിന്റെ അനുഭൂതിയിൽ അലിഞ്ഞു ചേർന്നതായി അവനു തോന്നി. ഏതോ ഭാഷയിൽ ആരാധന. വളരെ പുരാതനമായ ആചാരങ്ങൾ. അതിലും പുരാതനമായ രൂപങ്ങൾ.  യന്ത്രങ്ങൾ പോലുളള മനുഷ്യരും മന്ത്രങ്ങൾ പോലുള്ള മാത്രകളും അവനു ഒരിക്കലും മറക്കാത്ത ഓർമയായി. പക്ഷെ അവൻ ചെവി വട്ടം പിടിച്ചു, കണ്ണുകൾ കൂർത്തു ചേർത്തു, ചുണ്ടുകൾ വലിച്ചു മുറുക്കി. അവൻ അവരിലൊരാളായി. ഒരു പമ്പരവും ഘടികാരവും ഒന്ന് ചേരും പോലെ അവനൊരു ബഹുമുഖനായി. മന്ത്രങ്ങൾ അവന്റെ മനസ്സിൽ കൂടു കൂട്ടി. യന്ത്രങ്ങൾ അവന്റെ തലച്ചോറിൽ താളം വെച്ചു. അവൻ അവിടുത്തെ ആരാധന തീർന്നത് അറിഞ്ഞില്ല. അവൻ പുകയുന്ന കുന്തിരിക്കവും ആടുന്ന തലപ്പാവുകളും ഇല്ലാത്ത ഒരു ലോകത്തിലായിരുന്നു. ആ ലോകം അവനു അന്യമായിരുന്നില്ല. അവൻ അവന്റെ വീടും കൂടും ഇല്ലാത്ത കാലത്തേക്കുള്ള ഒരു ചുവടു വെയ്പായിരുന്നു. 

Friday, December 29, 2023

ചെറു കഥ : അനന്തരം സമാന്തരം

 

അവരുടെ ഹൃദയങ്ങൾ ആ പാളങ്ങളെ പോലെ സമാന്തരമായി മഥിക്കുകയായിരുന്നു. ആ യാത്രയുടെ നീളവും വീതിയും ആഴവും അന്നവർക്കറിയില്ലായിരുന്നു.  അവരിരുവരും അറിയാതെ അകലങ്ങളിൽ നാനാർഥങ്ങളും അടുപ്പങ്ങളിൽ അനർത്ഥങ്ങളും വന്നു ഭവിച്ചു. ഇരുളിന്റെ അറിവും തെളിവിന്റെ നിറവും അവരറിയുന്നില്ലായിരുന്നു. ആ യാത്രയിൽ അവർ അനേകം പാട്ടുകൾ കേട്ടു. കാഴ്ചകൾ കണ്ടു. കുറെ കണ്ണുകൾ അവരെ കണ്ടു. അവരുടെ ദൃശ്യ താളം പകർന്നെടുത്തു. അവരിരുവരും ഏറെ സാദൃശ്യങ്ങൾ ഉള്ളവരായിരുന്നു.  എന്നിരുന്നാലും അവർ അവരുടെ വൈവിധ്യങ്ങളെ കുറിച്ചും അനന്യതകളെ കുറിച്ചും ചിന്തിച്ചു. ജീവിതം എങ്ങനെ പങ്കു വെക്കണം എന്നത് അവരുടെ കണ്ണുകളിൽ വന്നില്ല. പുതിയതറിയാൻ തീരുമാനിച്ചുറച്ച രണ്ടു ദേശാടന പക്ഷികൾ.  മുന്നോട്ടും പിന്നോട്ടും കാണാൻ കഴിയാതെ ചിറകടിച്ചു ഉയരങ്ങൾ തേടിയ രണ്ടു പക്ഷികൾ. 

ചെറു കഥ : നിദ്രാ നിബിഡം

 

ഉറക്കം ഉറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കട്ടിലുകൾ ഉണ്ടായിരുന്നില്ല. തണുപ്പ് കട്ടപിടിച്ച അലമാരികളും ഞരങ്ങി നീങ്ങുന്ന ജനാലകളും ഉള്ള ഒരു മുറി. അയാൾ വീണ്ടും വീണ്ടും ഉറങ്ങിക്കൊണ്ടേയിരുന്നു. തടിപോലെ പരുപരുത്ത ആ തറയിൽ, ഇരുണ്ട ആ മുറിയിൽ ഏകാന്തതയോന്നും അയാൾക്ക്‌ ഒരു വിഷയം ആയിരുന്നില്ല. ഉറക്കത്തിന്റെ ചങ്ങലകൾ അയാളുടെ തലച്ചോറിന്റെ അടിവേരുവരെ പിണഞ്ഞു കിടന്നിരുന്നു. ഇന്നലെകൾ അയാളെ ബന്ധനസ്ഥനാക്കി. നാളെകൾ അയാളുടെ ഉൾക്കണ്ണുകളെ അന്ധമാക്കിയിരുന്നു. അയാൾ സ്വപ്‌നങ്ങൾ ഒന്നും കണ്ടില്ല, അഥവാ കണ്ടതായി ഓർക്കുന്നില്ല. പകലുകൾ ഉറങ്ങി തീർത്ത അയാൾ രാത്രി കാലങ്ങളിൽ വീണ്ടും ഉറങ്ങി. സ്വന്തം ശരീരത്തിനകത്തുഒത്തിരി മനുഷ്യർ കുടിയിരിക്കുന്നതായി അയാൾക്ക്‌ തോന്നി. അങ്ങനെ അയാൾ അയാളുടെ ഉള്ളിൽ ഉറക്കത്തിന്റെ വിവിധങ്ങളായ ശരീര ഭാഷകൾ കണ്ടെത്തി. ഉറക്കം ആവാഹനങ്ങളുടെ അവരോഹണങ്ങളായി മാറി.  ആ മുറിയിലെ തടിച്ച മെത്തയും നനുത്ത ഈർപ്പവും മെലിഞ്ഞുണങ്ങിയ അലമാരകളും ചേർന്ന് ആ മനുഷ്യ ദേഹത്തിന്റെ നിദ്ര ദാഹം ആഘോഷിച്ചുകൊണ്ടേയിരുന്നു. ഒരു പകൽ വരെ. അയാൾ ഉള്ളിൽ നിന്നും അന്യമായ ശബ്ദ ശകലങ്ങൾ കേട്ട ആ പകൽ.  ആ പകലിൽ അയാൾ ഒരു പമ്പരം പോലെ കറങ്ങി. ഉറക്ക പിച്ചയിൽ അയാൾ പകച്ചു പോയി. അയാൾ തിരിച്ചറിഞ്ഞു. ഞാൻ എന്റെ തടി കിടക്കയിലല്ല, ഒരു വഴിവക്കിലാണെന്ന്. ആ പാതയോരത്തിൽ  അയാൾ ബോധരഹിതനായി മാറിയപ്പോൾ അയാൾ തീർത്ത നിദ്രയുടെ  ലോകങ്ങൾ അകലെ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതൊരു അർദ്ധ വിരാമം ആയിരുന്നു. 


Thursday, December 28, 2023

ചെറു കഥ : ചന്ദ്ര ബിംബം

x

ഇത് ചന്ദ്രനെന്ന ആകാശ ബിംബത്തിന്റെ കഥയാണ്. ഭൂമിയും സൂര്യനും സാക്ഷിയായ ഒരു മായ ജാലത്തിന്റെ കഥ.  ചന്ദ്രൻ ബിംബങ്ങളുടെ ഒരു മായാജാലം ആണ്. സ്വയം സൃഷ്ടിച്ച നിഴലുകളുടെ മിഥ്യയിൽ മഥിക്കുന്ന ഒരു ഗോളം. അഗ്നിയും ആഴിയും ഇല്ലാത്ത ഒരു ശൂന്യ കാലത്തിന്റെ മൂകസാക്ഷി. ഒരു വിചിത്രമായ രാത്രിയിൽ ചന്ദ്രന്റെ നൂറായിരം ബിംബങ്ങളിൽ ഒന്ന് ഭൂമിയിൽ എത്തിച്ചേരുന്നു. ഒരു രാത്രിയിൽആയിരങ്ങളിൽ ഒരു ചന്ദ്ര ബിംബം ഭൂമിയിൽ കാവൽ നിന്നു. ആ രാത്രിയിൽ ഒരു കുടുംബം കടൽ തീരത്തു പോയി. അവർക്കു ആ യാത്ര വെറും നേരം പോക്കായിരുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളും പിന്നെ ഒരു ഉന്മാദിയായ അതിഥിയും . ആഅതിഥിയുടെ മനസ് തകർന്നടിഞ്ഞ ഒരു ചതുരംഗ കളം പോലെ  അതി സങ്കീർണം ആയിരുന്നു. കടലിന്റെ കാലുഷ്യവും കരയുടെ വിജനതയും ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഒന്നും അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു അവസ്ഥ. ചന്ദ്ര ബിംബവും ഇതേ അവസ്ഥയിലായിരുന്നു.  ഭൂമിയുടെ ഓരോ സ്പന്ദനവും ആ ബിംബത്തിനു അന്യമായി തോന്നി.  ചന്ദ്ര ബിംബം വെറുതെ സ്പന്ദിച്ചു കൊണ്ടേയിരുന്നു. ഒരു ഉന്മാദിയായ ഘടികാരം പോലെ. ശൂന്യതയിൽ നിന്നും അപരതകളിലേക്കുള്ള ഒരു അപരാഹ്നത്തിന്റെ പ്രയാണം. കാറ്റും കോളും അനസ്യൂതമായ ഒരു പ്രയാണം.  അവർ തമ്മിലെ ബന്ധം നാഴികയും നിഴലും പോലെ ആയിരുന്നു. അവർ തമ്മിൽ അളന്നു കൊണ്ടേയിരുന്നു. പരസ്പരം കാവൽ നിക്കുന്നത് പോലെ. ആ രാത്രി മുഴുവനും അവരുടെ തരംഗങ്ങൾ ആ തീരത്തിനെ ഭ്രമിപ്പിച്ചികൊണ്ടേയിരുന്നു. ആ കുടുംബവും സാഗരവും പുതിയ ഒരു ഭാഷക്ക് സാക്ഷിയായി.