വിളക്കുകൾ ആയിരം
വനങ്ങൾ പതിനായിരം
വഴികൾ നൂറായിരം
വേടന്മാർ ആയിരം ആയിരം
വലിയ വാതിലുകൾ
വിശാലമായ വാക്കുകൾ
വ്യാപ്തിയുള്ള ശബ്ദങ്ങൾ
വാവലുകൾ വൃത്തം വരച്ചു
വജ്രം വീര്യ നിർമിതിയിൽ
വരച്ച വ്യോമ വിസ്തൃതിയിൽ
വിനാഴികൾ വിണ്ടു കീറിയപ്പോൾ
വീണ്ടും വനങ്ങൾ വന്ധ്യമായി
A voyage through human horizons and nascent natures
വിളക്കുകൾ ആയിരം
വനങ്ങൾ പതിനായിരം
വഴികൾ നൂറായിരം
വേടന്മാർ ആയിരം ആയിരം
വലിയ വാതിലുകൾ
വിശാലമായ വാക്കുകൾ
വ്യാപ്തിയുള്ള ശബ്ദങ്ങൾ
വാവലുകൾ വൃത്തം വരച്ചു
വജ്രം വീര്യ നിർമിതിയിൽ
വരച്ച വ്യോമ വിസ്തൃതിയിൽ
വിനാഴികൾ വിണ്ടു കീറിയപ്പോൾ
വീണ്ടും വനങ്ങൾ വന്ധ്യമായി
ഉണരുമ്പോൾ ആദ്യമായി കാണുന്ന മുഖം അത് എപ്പോഴും പ്രധാനമാണ്. അത് നായക്കും മനുഷ്യനും ഒരു പോലെ തന്നെ. ഒരു തെരുവ് നായയുടെ രൗദ്രമായ മുഖമാണ് ഇപ്പോൾ കാണുന്നത്. മുന്നിൽ ഒരു മനുഷ്യൻ. അവിടെ സംശയത്തിന്റെ നിഴലുകളില്ല. അവിടെ അയാളുടെ മനസിന്റെ പല താളങ്ങൾ തുടിച്ചു തുടങ്ങി. അയാളെ തുറിച്ചു നോക്കുന്ന കുറെ നിമിഷങ്ങൾ. അയാളുടെ ശ്വാസം അളക്കുന്ന കുറെ വിനാഴികകൾ. അവന്റെ ഉറക്കം അലോസരപ്പെടുത്തിയ അയാളുടെ യാത്ര ദുഷ്കരമായിരുന്നു. അവർ കൂടെ ഉള്ള മനുഷ്യരെയും മൃഗങ്ങളെയും ശ്രദ്ധിച്ചില്ല. മുഖാമുഖം നിൽക്കുന്ന രണ്ടു ഉന്മാദികൾ. അവരുടെ ഇടയിൽ ഊഷ്മാവ് ഉയർന്നു താണുകൊണ്ടേയിരുന്നു. സമയത്തിന്റെ വിമുഖതയിൽ ആ മുഖങ്ങൾ പരസ്പരം മറന്നു. ഒരാളുടെ നിദ്ര മറ്റൊരാളുടെ മുദ്രയാകാം. അതുപോലെ ഒരാളുടെ മുദ്ര മറ്റൊരാളുടെ നിദ്രയാകാം. ഇവിടെ ഇരുവരും അർഥങ്ങൾ അറിയാതെ അനർത്ഥങ്ങളിൽ അകന്നുപോയി.
കണ്ണുനീർ ചാലുകളിൽ നിന്നും അരുവികളുണ്ടാവാം, പക്ഷെ ഇവിടെ ഉണ്ടായതു അഗ്നിപുഷ്പങ്ങളുടെ ഒരു ദ്വീപാണ്. അവിടെ കണ്ണീർ ഒഴുകിയത് ഒരു ഗുഹാ മുഖത്തേക്കായിരുന്നു. അനന്തരം അവിടെ താഴുന്ന ഒരു ശിഥിലമായ ദ്വീപ്. അവിടുത്തെ തീരങ്ങളിൽ നെരിപ്പോടുകൾ പുകഞ്ഞു കൊണ്ടേയിരുന്നു. അവിടുത്തെ പക്ഷികളുടെ ചിറകുകളും ധൂമ സമ്മിശ്രങ്ങൾ ആയിരുന്നു. അവർ പൂമ്പാറ്റകളെ പോലെ പരാഗണം ചെയ്തു കൊണ്ടിരുന്നു. അവരുടെ ദേശാടനങ്ങൾ ധൂമ രഥങ്ങൾ ആയിരുന്നു. അവിടെ വീണ്ടും കണ്ണീർ വാതകങ്ങൾ വലയങ്ങൾ തീർത്തു. അവിടുത്തെ അശാന്തി അവരുടെ വിഷയം ആയിരുന്നില്ല. കാഴ്ചയുടെ സീമകൾ മാത്രമായിരുന്നു അവിടുത്തെ പ്രഹേളിക.
ആ വിദ്യാലയം നിറയെ മരങ്ങളായിരുന്നു. ഇലകളുടെ നിറഭേദങ്ങൾ ആ മുറ്റത്തിന് ഒത്തിരി ഭംഗി നൽകി. അവിടെ അവർ എല്ലാ ഇടവേളകളിലും ഒത്തുകൂടി. അവിടുത്തെ കൊച്ചു ആൽ മരത്തിന്റെ പുറത്തേക്കു തള്ളി നിൽക്കുന്ന വേരായിരുന്നു അവരുടെ സങ്കേതം. അവൻ അവരോടു അവൻ കണ്ട സിനിമകളുടെ കഥകൾ പറഞ്ഞു. പായുന്ന വണ്ടികളും, പുകയുന്ന പാതകളും അനേകം നായകന്മാരും ഉള്ള കഥകൾ. പ്രതി നായകന്മാരില്ലാത്ത കഥകൾ. ആ കഥകൾ അവനു ആവേശമായിരുന്നു. അവൻ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. അവന്റെ കഥ പറച്ചിൽ പാതയോരങ്ങളിലേക്കും വഴിയിലെ അമ്പല മുറ്റത്തേക്കും നീണ്ടു. അവന്റെ വീടെത്തും വരെ. അവന്റെ കഥയിൽ ചോദ്യങ്ങളും ഉപചോദ്യങ്ങളും ആയി അവന്റെ കൂട്ടുകാർ വന്നു. അവർക്കറിയാമായിരുന്നു അവൻ പറയുന്ന കഥകളുള്ള സിനിമകൾ ഇല്ലെന്നു. എങ്കിലും അവർ അത് പറഞ്ഞില്ല. പ്രിയപ്പെട്ട കൂട്ടുകാരന്റെ കഥകളിലെ കള്ളം അവർ ഉൾക്കൊണ്ടു. അവൻ വാചാലം ആയപ്പോൾ അവർ നിശബ്ദരായി. അവരുടെ നിശബദതയുടെ നെടുവീർപ്പുകൾ അവന്റെ കഥകളിൽ നിഴലിച്ചു. അവന്റെ വീട്ടിൽ പുതിയ കഥകൾ ജനിച്ചു കൊണ്ടേയിരുന്നു. വേരുകളില്ലാത്ത ഓർമകളും നേരുകളിലാത്ത കഥകളുമായി അവൻ കൂട്ടുകാർക്കായി കാത്തു നിന്നു. വിജനമായ വേരുകളും വീഥികളും അവന്റെ മൂകതക്ക് പുതിയ അർഥങ്ങൾ നൽകി.
അതൊരു ഞായറാഴ്ചയാണ്. അവൻ ആ ദേവാലയത്തിൽ എത്തിയിട്ട് അധികം നീരമായില്ല. അവൻ മുത്തശ്ശിയുടെ കൂടെ അവിടെ ചെന്നതാണ്. മുത്തശ്ശി അവിടുത്തെ ആൾകൂട്ടത്തിൽ അഭയം പ്രാപിച്ചു. അവൻ അവിടെ ഉള്ള ആൾകൂട്ടത്തിൽ തികച്ചും ഏകനായി. അന്നവിടെ കൂടിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. അവിടെ വാത്സല്യമുള്ള ഒരു മുഖവും ഒരു പുഞ്ചിരിയും അവൻ കണ്ടില്ല. എല്ലാവരും പുകയുന്ന കുതിരിക്കത്തിന്റെ ഗന്ധത്തിൽ, ഭക്തി ഗാനത്തിന്റെ അനുഭൂതിയിൽ അലിഞ്ഞു ചേർന്നതായി അവനു തോന്നി. ഏതോ ഭാഷയിൽ ആരാധന. വളരെ പുരാതനമായ ആചാരങ്ങൾ. അതിലും പുരാതനമായ രൂപങ്ങൾ. യന്ത്രങ്ങൾ പോലുളള മനുഷ്യരും മന്ത്രങ്ങൾ പോലുള്ള മാത്രകളും അവനു ഒരിക്കലും മറക്കാത്ത ഓർമയായി. പക്ഷെ അവൻ ചെവി വട്ടം പിടിച്ചു, കണ്ണുകൾ കൂർത്തു ചേർത്തു, ചുണ്ടുകൾ വലിച്ചു മുറുക്കി. അവൻ അവരിലൊരാളായി. ഒരു പമ്പരവും ഘടികാരവും ഒന്ന് ചേരും പോലെ അവനൊരു ബഹുമുഖനായി. മന്ത്രങ്ങൾ അവന്റെ മനസ്സിൽ കൂടു കൂട്ടി. യന്ത്രങ്ങൾ അവന്റെ തലച്ചോറിൽ താളം വെച്ചു. അവൻ അവിടുത്തെ ആരാധന തീർന്നത് അറിഞ്ഞില്ല. അവൻ പുകയുന്ന കുന്തിരിക്കവും ആടുന്ന തലപ്പാവുകളും ഇല്ലാത്ത ഒരു ലോകത്തിലായിരുന്നു. ആ ലോകം അവനു അന്യമായിരുന്നില്ല. അവൻ അവന്റെ വീടും കൂടും ഇല്ലാത്ത കാലത്തേക്കുള്ള ഒരു ചുവടു വെയ്പായിരുന്നു.
അവരുടെ ഹൃദയങ്ങൾ ആ പാളങ്ങളെ പോലെ സമാന്തരമായി മഥിക്കുകയായിരുന്നു. ആ യാത്രയുടെ നീളവും വീതിയും ആഴവും അന്നവർക്കറിയില്ലായിരുന്നു. അവരിരുവരും അറിയാതെ അകലങ്ങളിൽ നാനാർഥങ്ങളും അടുപ്പങ്ങളിൽ അനർത്ഥങ്ങളും വന്നു ഭവിച്ചു. ഇരുളിന്റെ അറിവും തെളിവിന്റെ നിറവും അവരറിയുന്നില്ലായിരുന്നു. ആ യാത്രയിൽ അവർ അനേകം പാട്ടുകൾ കേട്ടു. കാഴ്ചകൾ കണ്ടു. കുറെ കണ്ണുകൾ അവരെ കണ്ടു. അവരുടെ ദൃശ്യ താളം പകർന്നെടുത്തു. അവരിരുവരും ഏറെ സാദൃശ്യങ്ങൾ ഉള്ളവരായിരുന്നു. എന്നിരുന്നാലും അവർ അവരുടെ വൈവിധ്യങ്ങളെ കുറിച്ചും അനന്യതകളെ കുറിച്ചും ചിന്തിച്ചു. ജീവിതം എങ്ങനെ പങ്കു വെക്കണം എന്നത് അവരുടെ കണ്ണുകളിൽ വന്നില്ല. പുതിയതറിയാൻ തീരുമാനിച്ചുറച്ച രണ്ടു ദേശാടന പക്ഷികൾ. മുന്നോട്ടും പിന്നോട്ടും കാണാൻ കഴിയാതെ ചിറകടിച്ചു ഉയരങ്ങൾ തേടിയ രണ്ടു പക്ഷികൾ.
ഉറക്കം ഉറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കട്ടിലുകൾ ഉണ്ടായിരുന്നില്ല. തണുപ്പ് കട്ടപിടിച്ച അലമാരികളും ഞരങ്ങി നീങ്ങുന്ന ജനാലകളും ഉള്ള ഒരു മുറി. അയാൾ വീണ്ടും വീണ്ടും ഉറങ്ങിക്കൊണ്ടേയിരുന്നു. തടിപോലെ പരുപരുത്ത ആ തറയിൽ, ഇരുണ്ട ആ മുറിയിൽ ഏകാന്തതയോന്നും അയാൾക്ക് ഒരു വിഷയം ആയിരുന്നില്ല. ഉറക്കത്തിന്റെ ചങ്ങലകൾ അയാളുടെ തലച്ചോറിന്റെ അടിവേരുവരെ പിണഞ്ഞു കിടന്നിരുന്നു. ഇന്നലെകൾ അയാളെ ബന്ധനസ്ഥനാക്കി. നാളെകൾ അയാളുടെ ഉൾക്കണ്ണുകളെ അന്ധമാക്കിയിരുന്നു. അയാൾ സ്വപ്‌നങ്ങൾ ഒന്നും കണ്ടില്ല, അഥവാ കണ്ടതായി ഓർക്കുന്നില്ല. പകലുകൾ ഉറങ്ങി തീർത്ത അയാൾ രാത്രി കാലങ്ങളിൽ വീണ്ടും ഉറങ്ങി. സ്വന്തം ശരീരത്തിനകത്തുഒത്തിരി മനുഷ്യർ കുടിയിരിക്കുന്നതായി അയാൾക്ക് തോന്നി. അങ്ങനെ അയാൾ അയാളുടെ ഉള്ളിൽ ഉറക്കത്തിന്റെ വിവിധങ്ങളായ ശരീര ഭാഷകൾ കണ്ടെത്തി. ഉറക്കം ആവാഹനങ്ങളുടെ അവരോഹണങ്ങളായി മാറി. ആ മുറിയിലെ തടിച്ച മെത്തയും നനുത്ത ഈർപ്പവും മെലിഞ്ഞുണങ്ങിയ അലമാരകളും ചേർന്ന് ആ മനുഷ്യ ദേഹത്തിന്റെ നിദ്ര ദാഹം ആഘോഷിച്ചുകൊണ്ടേയിരുന്നു. ഒരു പകൽ വരെ. അയാൾ ഉള്ളിൽ നിന്നും അന്യമായ ശബ്ദ ശകലങ്ങൾ കേട്ട ആ പകൽ. ആ പകലിൽ അയാൾ ഒരു പമ്പരം പോലെ കറങ്ങി. ഉറക്ക പിച്ചയിൽ അയാൾ പകച്ചു പോയി. അയാൾ തിരിച്ചറിഞ്ഞു. ഞാൻ എന്റെ തടി കിടക്കയിലല്ല, ഒരു വഴിവക്കിലാണെന്ന്. ആ പാതയോരത്തിൽ അയാൾ ബോധരഹിതനായി മാറിയപ്പോൾ അയാൾ തീർത്ത നിദ്രയുടെ ലോകങ്ങൾ അകലെ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അതൊരു അർദ്ധ വിരാമം ആയിരുന്നു.