Friday, April 6, 2012

വടക്കന്‍ കാറ്റിനെ അന്വേഷിക്കുന്നവര്‍ക്ക് ഒരു ആമുഖം :

ആഴങ്ങളുള്ള വാക്കുകളെ ഞാന്‍ പ്രണയിച്ചിരുന്നു
ഈറന്‍ ഉണങ്ങുന്ന ദിക്കുകളെയും
സ്വപ്നാടനങ്ങളുടെ താക്കോല്‍ പഴുതുകളെയും
അങ്ങനെ അങ്ങനെ, വടക്കന്‍ കാറ്റിന്‍റെ പല ശില്പ്പങ്ങളെയും

ഇടറിയ വഴികളില്‍, മഞ്ഞു മാസങ്ങളില്‍ 
അന്ധമായ സിരകളില്‍, മൂകമായ രാത്രികളില്‍
ചോദ്യങ്ങള്‍ അറിയാത്ത ഉത്തരങ്ങളില്‍
എന്‍റെ കവിതകള്‍ ഓട്ടകണ്ണടകളായി 
സൂര്യകാന്തികളില്ല, പകരം ഇണ പിരിയുന്ന സീല്‍ക്കാരങ്ങള്‍
ആനന്യതകളില്ല, അനുബന്ധങ്ങള്‍ മാത്രം

പാതിരാവിന്‍റെ കാവല്‍ക്കാരന്‍ 
പകല്‍ കിനാവുകളുടെ തടവുകാരനായി

പക്ഷെ ............................................

ഓരോ നിദ്രയും ഓരോ കാഴ്ചകളാണ്
കാഴ്ചകളില്‍ പലരും തിടമ്പുകള്‍
ചിലര്‍ തീരത്തടിയുന്ന തിരമാല ചില്ലുകള്‍ 

എല്ലാ കാഴ്ചകളും വിലയേറിയതാണ്
കാരണം ഓര്‍മ്മകള്‍ ഇല്ല എന്നതുതന്നെയാണ്

എല്ലാ ചില്ലുകളും കണ്ണാടികളാണ്
കാരണം ദ്രിശ്യങ്ങള്‍ പെറ്റുപെരുകുന്നു

തിടമ്പുകള്‍ മുഖങ്ങളെ തേടുന്നു; ഇടറിയാടുന്നു
ചിലത് ചിലമ്പുന്നു; കൂടെ ഞാനും എന്‍റെ എഞ്ചുവടികളും 
വന്യ പ്രകൃതിയില്‍, വാനര യുക്തിയില്‍ ഒരു ചതുരംഗം
ചില കളങ്ങളില്‍ കുതിരകളെ വിശ്ചീനം നിരത്തി
ഫിഷറിന്റെ നീക്കങ്ങള്‍ ഞാന്‍ നെയ്തു നോക്കി
പാളിയ കാലാളുകള്‍; പിണങ്ങിയ പിണിയാളുകള്‍
ഇല്ല ഞാന്‍; മറ്റൊരു കുതിര പന്തയത്തിനും
മറ്റെവിടെയോ ചിന്തകള്‍ കുരുങ്ങുന്നു

ചിലപ്പോള്‍ തോന്നുന്നു, എല്ലാം യാത്രകള്‍
തോരാത്ത പേമാരിയുടെ പത്തേമാരികള്‍
അവരുടെ തട്ടുകളില്‍ ഞങ്ങള്‍ അനേകം അന്വേഷികള്‍
ഇവിടെ പ്രഭാതങ്ങലില്ല, പ്രദോഷങ്ങളില്ല
പല നിറങ്ങളിലെ, നിലകളിലെ നിദ്രകള്‍ മാത്രം 
ഉണരുന്ന നേരം വേഗങ്ങള്‍ തിരിച്ചറിയുന്നില്ല

കാഴ്ചകളുടെ തുമ്പില്‍, തണലില്‍ ഞാന്‍
അതീത ശാസ്ത്രങ്ങളെ തിരയുന്നു; അലയുന്നു
നേര്‍ രേഖകളെ പല നാള്‍ കാത്തിരുന്നു
വജ്ര മുഖികളായ വാതായനങ്ങള്‍ കടന്നു പോയി
വിരാട സമുച്ചയങ്ങള്‍ക്കും വിമുഖം

നടക്കട്ടെ, നാളുകള്‍ തോറും
ചോരവറ്റിയ ചുണ്ടുകളും, നീര് വറ്റിയ കണ്ണുകളും
ഉള്ളിടത്തോളം;  ഒരു കടംകഥയുടെ  ഉള്ളടക്കം 
പെയ്യട്ടെ; ഒരു മഴ മുകിലിന്‍റെ തെര്‍വാഴ്ചക്കാലം

- ഗോകുല്‍ 

No comments:

Post a Comment