എല്ലാ മരങ്ങളും കടപുഴകുന്നു
എങ്കിലും വാല്‍മീകങ്ങള്‍ മരിക്കുന്നില്ല
കാരണം അവരുറങ്ങുന്ന മണ്ണ് തന്നെയാണ്
മധ്യാഹ്നങ്ങളില്‍ എല്ലാവരും മരുഭൂമികളാണ്
സന്ധ്യയുടെ ആലിംഗനം കാത്തുകിടക്കുന്ന മണല്‍ക്കൂനകള്‍
രാത്രികളിലെ സ്വേദപുഷ്പങ്ങള്‍ അവരെ വിശുദ്ധരാക്കുന്നു
ഈ കുമിഞ്ഞു കൂടുന്ന ആലിപഴങ്ങള്‍
ഒരു വലിയ ശൈത്യത്തിന്‍റെ അവശേഷിപ്പുകള്‍
ഊര്‍ന്നിറങ്ങുന്ന വലിയ പെരുന്നാളുകള്‍
ഇവിടെ അമ്പരപ്പിന്റെ ഘോഷയാത്രകള്‍
ചെറിയ ദൈവങ്ങളും വലിയ ബിംബങ്ങളും
നിര നിരക്കുന്ന ധൂമക്കുന്നുകള്‍
അവിടെ പൂക്കുന്നു നെടുനീളന്‍ കുരിശുകള്‍
അവരെ ചുമക്കാന്‍ കളിമണ്‍ കൊമാളികളും
ചെറിയ വായില്‍ കരയുന്ന കുഞ്ഞിനു
ചുടു ചോറും, ചാത്തന്‍ സേവയും
പിന്നെ പൊട്ടക്കണ്ണന്റെ ജാതകവും
വൃദ്ധയുക്തിക്ക് ആയുസിന്‍റെ നീക്കിയിരിപ്പുകള്‍
അധികാരത്തിന്‍റെ ശീതള സായാഹ്നങ്ങള്‍
വെട്ടിയും തിരുത്തിയും വഴങ്ങിയും വിഴുങ്ങിയും
ചില കാളകൂട സര്‍പ്പങ്ങള്‍ വളരുന്നു
മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു
ഞങ്ങളാണ്; ആയുര്‍-വൃക്ഷത്തിന്‍റെ കാവല്‍ മാലാഖകള്‍
ഓര്‍ക്കുക; ഇന്നലകളിലെ വാല്മീകങ്ങളെ
മറന്നാലും സുഷുപ്ത മഹാമേരുക്കളെ
നിങ്ങളുടെ പുറ്റുകള്‍, മാളങ്ങള്‍, പാതാള ഗേഹങ്ങള്‍
കാത്തിരിക്കുന്നു മണ്ണിരകള്‍ പോലും വിസര്‍ജ്ജിക്കാത്ത കാലം
- ഗോകുല്‍
hridayam niranja vishu aashamsakal........
ReplyDelete