Tuesday, April 3, 2012

ഗന്ധക പുഷ്പങ്ങള്‍; അവരെന്‍റെ സാക്ഷികളാണ്

ഗന്ധക പുഷ്പങ്ങള്‍
ആരാണവര്‍ ? എവിടെ നിന്ന് വരുന്നു?
അവരെന്‍റെ സാക്ഷികളാണ്
മൂക നിശ്വാസത്തിന്റെ സീല്‍ക്കാര ബിംബങ്ങള്‍ 


അവര്‍ക്ക് പൂക്കുവാന്‍ കാലങ്ങളില്ല
ഉന്മാദത്തിന്റെ നിനവുകളില്ല
നിഴലുകളില്‍ അപഥ സന്ചാരങ്ങളില്ല
അവര്‍ക്ക് പടര്‍ന്നു കയറുവാന്‍ 
പ്രണയത്തിന്റെ സുന്ദര കല്പങ്ങലില്ല


എല്ലാ കാഴ്ചകളിലും കാഴ്ചപാടുകളിലും
അവരുടെ ഗന്ധം; അതിന്‍റെ ഉണര്‍വുകള്‍
അവിടെയും ഇലയും മുള്ളും കെട്ടുപിണഞ്ഞു കിടക്കുന്നു
വിശക്കുന്നവന്റെ അടിവയറ്റിലെ തേളുകള്‍ പോലെ
അര്‍ഥം അര്‍ഥത്തെ ഭയക്കുന്നു; 
ചുരം അടിവാരത്തിനെ എന്ന പോലെ


നീറുന്ന വിഴുപ്പുകള്‍ പേറുന്ന
യാത്രകളില്‍ ചതുപ്പുകള്‍ പ്രിയപ്പെട്ടതാണ്
അവിടെയാണോ ഇവര്‍ ഇതളിടുന്നത് ?
പക്ഷെ പറയാന്‍ മറന്നു; അവര്‍ക്ക് ഇതളുകളില്ല


ധ്യാനിക്കുന്ന പുഷ്പങ്ങള്‍
അവരുടെ മാത്രം അശോകവൃക്ഷങ്ങള്‍
അവിടെ മാത്രം എന്‍റെ സീതായനങ്ങള്‍
പൂജിക്കുവാന്‍ കബന്ധങ്ങളും കല്‍ഹാരങ്ങളും


ഓര്‍മകളുടെ കലശങ്ങളില്‍ കനലുകള്‍
സൂക്ഷിക്കുവാന്‍ വര്‍ണങ്ങളുടെ മാത്രകള്‍ മാത്രം
തീ കോരിയിട്ട കൊമര കാറ്റുകള്‍ ഇന്ന് വെറും കല്‍ക്കരി കൂനകള്‍ 


നിശാഗന്ധികള്‍ക്ക് കാവലിരിക്കുന്നവര്‍ സൂക്ഷിക്കുക
ചിലപ്പോള്‍ നിങ്ങളുടെ നിദ്രയില്‍ പാലത്തറകളും കടന്നുവരാം
ഒരു വാക്കിന് തിടമ്പ് കേട്ടിയാടിയ കാലം മറന്നു
ചലിക്കട്ടെ, കൂട്ടിനായൊരു ചക്കി പരുന്തു പോലുമില്ല പോലും!

ഗോകുല്‍ ..

No comments:

Post a Comment