കണ്ണുനീർ ചാലുകളിൽ നിന്നും അരുവികളുണ്ടാവാം, പക്ഷെ ഇവിടെ ഉണ്ടായതു അഗ്നിപുഷ്പങ്ങളുടെ ഒരു ദ്വീപാണ്. അവിടെ കണ്ണീർ ഒഴുകിയത് ഒരു ഗുഹാ മുഖത്തേക്കായിരുന്നു. അനന്തരം അവിടെ താഴുന്ന ഒരു ശിഥിലമായ ദ്വീപ്. അവിടുത്തെ തീരങ്ങളിൽ നെരിപ്പോടുകൾ പുകഞ്ഞു കൊണ്ടേയിരുന്നു. അവിടുത്തെ പക്ഷികളുടെ ചിറകുകളും ധൂമ സമ്മിശ്രങ്ങൾ ആയിരുന്നു. അവർ പൂമ്പാറ്റകളെ പോലെ പരാഗണം ചെയ്തു കൊണ്ടിരുന്നു. അവരുടെ ദേശാടനങ്ങൾ ധൂമ രഥങ്ങൾ ആയിരുന്നു. അവിടെ വീണ്ടും കണ്ണീർ വാതകങ്ങൾ വലയങ്ങൾ തീർത്തു. അവിടുത്തെ അശാന്തി അവരുടെ വിഷയം ആയിരുന്നില്ല. കാഴ്ചയുടെ സീമകൾ മാത്രമായിരുന്നു അവിടുത്തെ പ്രഹേളിക.
Saturday, January 27, 2024
Sunday, January 7, 2024
ചെറു കഥ : ഉള്ളടക്കം
ആ വിദ്യാലയം നിറയെ മരങ്ങളായിരുന്നു. ഇലകളുടെ നിറഭേദങ്ങൾ ആ മുറ്റത്തിന് ഒത്തിരി ഭംഗി നൽകി. അവിടെ അവർ എല്ലാ ഇടവേളകളിലും ഒത്തുകൂടി. അവിടുത്തെ കൊച്ചു ആൽ മരത്തിന്റെ പുറത്തേക്കു തള്ളി നിൽക്കുന്ന വേരായിരുന്നു അവരുടെ സങ്കേതം. അവൻ അവരോടു അവൻ കണ്ട സിനിമകളുടെ കഥകൾ പറഞ്ഞു. പായുന്ന വണ്ടികളും, പുകയുന്ന പാതകളും അനേകം നായകന്മാരും ഉള്ള കഥകൾ. പ്രതി നായകന്മാരില്ലാത്ത കഥകൾ. ആ കഥകൾ അവനു ആവേശമായിരുന്നു. അവൻ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. അവന്റെ കഥ പറച്ചിൽ പാതയോരങ്ങളിലേക്കും വഴിയിലെ അമ്പല മുറ്റത്തേക്കും നീണ്ടു. അവന്റെ വീടെത്തും വരെ. അവന്റെ കഥയിൽ ചോദ്യങ്ങളും ഉപചോദ്യങ്ങളും ആയി അവന്റെ കൂട്ടുകാർ വന്നു. അവർക്കറിയാമായിരുന്നു അവൻ പറയുന്ന കഥകളുള്ള സിനിമകൾ ഇല്ലെന്നു. എങ്കിലും അവർ അത് പറഞ്ഞില്ല. പ്രിയപ്പെട്ട കൂട്ടുകാരന്റെ കഥകളിലെ കള്ളം അവർ ഉൾക്കൊണ്ടു. അവൻ വാചാലം ആയപ്പോൾ അവർ നിശബ്ദരായി. അവരുടെ നിശബദതയുടെ നെടുവീർപ്പുകൾ അവന്റെ കഥകളിൽ നിഴലിച്ചു. അവന്റെ വീട്ടിൽ പുതിയ കഥകൾ ജനിച്ചു കൊണ്ടേയിരുന്നു. വേരുകളില്ലാത്ത ഓർമകളും നേരുകളിലാത്ത കഥകളുമായി അവൻ കൂട്ടുകാർക്കായി കാത്തു നിന്നു. വിജനമായ വേരുകളും വീഥികളും അവന്റെ മൂകതക്ക് പുതിയ അർഥങ്ങൾ നൽകി.
Subscribe to:
Posts (Atom)